അര്‍ജന്റീന ഇക്കുറി ലോകകപ്പ് നേടുമെന്ന് ആരാധകര്‍ വിശ്വസിക്കാന്‍
ഒരുകാരണം അവരുടെ പരിശീലകസ്ഥാനത്ത് ഡീഗോ മാറഡോണയുണ്ടെന്നതിനാലാണ്. ഫുട്‌ബോളിന്റെ ദൈവമാണ് മാറഡോണ. ദൈവം തനിക്കുവേണ്ടി കളത്തിലിറങ്ങുമെന്ന് മാറഡോണ വിശ്വസിക്കുന്നു. അര്‍ജന്റീനക്കാരും. എക്കാലത്തെയും മികച്ച താരമായ മാറഡോണയും അതേ നിലയിലേക്ക് വളര്‍ന്നുകൊണ്ടിരുക്കുന്ന ലയണല്‍ മെസ്സിയും
ഒന്നിക്കുമ്പോള്‍, അര്‍ജന്റീന ജേതാക്കളാവുമെന്ന പ്രതീക്ഷ ഒട്ടും അധികമല്ല. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും കപ്പുയര്‍ത്തുകയാണ് മാറഡോണയുടെ ലക്ഷ്യം. തന്റെ ടീമിനെക്കുറിച്ച്
മാറഡോണ
സംസാരിക്കുന്നു
ഡീഗോ മാറഡോണ
ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാള്‍. നാലുതവണ ലോകകപ്പ് കളിച്ചു. 1986-ല്‍ ചാമ്പ്യനായി. 1990-ല്‍
രണ്ടാംസ്ഥാനം. രാജ്യത്തിനായി 91 കളികളില്‍ 34 ഗോളുകള്‍.
2008 നവംബര്‍മുതല്‍ അര്‍ജന്റീനയുടെ കോച്ച്
' അര്‍ജന്റീനയ്ക്കുവേണ്ടി ലോകകപ്പില്‍ കളിക്കുകയും കിരീടം നേടുകയുമാണ് സ്വപ്നമെന്ന് താങ്കള്‍ ആദ്യം പറഞ്ഞത് 12-ാം വയസ്സിലാണ്. ആ സ്വപ്നം താങ്കള്‍ സഫലമാക്കി. 49-ാം വയസ്സിലും ആവേശത്തിന് തെല്ലും കുറവില്ല.
അതിമനോഹരമായ കളിയാണ് ഫുട്‌ബോള്‍. അതിനോടുള്ള സ്‌നേഹമാണ് ആവേശം നിലനിര്‍ത്തുന്നത്. നിങ്ങള്‍ക്ക് എത്ര പ്രായമായി എന്നത് വിഷയമേയല്ല. കളിയിലെ ആവേശം ഒരിക്കലും ചോര്‍ന്നുപോകില്ല. കളിക്കാരനെന്ന നിലയ്ക്ക് ലോകകപ്പ് നേടുകയെന്നത് സ്വപ്നമാണ്. ഭാഗ്യവശാല്‍, 1986-ല്‍ എനിക്കത് സാധ്യമായി. അര്‍ജന്റീനയുടെ പരിശീലകനായി അതേ സ്വപ്നം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഞാന്‍. എനിക്കത് നേടിയേ തീരൂ.
' ഇപ്പോഴത്തെ ടീമില്‍ സംതൃപ്തനാണോ
തീര്‍ച്ചയായും. രാജ്യത്തിനുവേണ്ടി കളിക്കാന്‍ അവരെ തിരഞ്ഞെടുത്തത് ഞാനാണ്. അതുകൊണ്ട് ഞാന്‍ സംതൃപ്തനായേ പറ്റൂ. ഏറ്റവും വലിയ ടൂര്‍ണമെന്റില്‍ ജേതാക്കളാവുകയെന്ന അര്‍ജന്റീനക്കാരുടെ സ്വപ്നം സഫലമാക്കാന്‍, ഏറ്റവുംമികച്ച 23 പേരെയാണ് ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
' അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ആരാധകരില്‍നിന്ന് പിന്തുണ ലഭിക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ
അതിലൊരു സംശയവുംവേണ്ട. ഇത് ലോകകപ്പാണ്. ഞങ്ങള്‍ ഫുട്‌ബോള്‍ ഭ്രാന്തന്മാരായ രാജ്യക്കാരും. കരുത്തരായ എതിരാളികള്‍ക്കെതിരെ അവരുടെ താരങ്ങള്‍ പൊരുതുമ്പോള്‍, അര്‍ജന്റീനക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നതെങ്ങനെ. നാട്ടിലെ പത്രക്കാര്‍ക്ക് എന്നെ ഇഷ്ടമല്ലെന്ന് അറിയാം. പക്ഷേ, സാധാരണക്കാര്‍ അങ്ങനെയല്ല. കളിക്കുന്ന കാലംമുതല്‍ക്കെ എന്റെ കൂടെ നിന്നവരാണവര്‍. ഇപ്പോഴും അവരുണ്ടാകും.
' എന്തുകൊണ്ടാണ് പത്രക്കാര്‍ താങ്കള്‍ക്കെതിരാവുന്നത്
കുഴപ്പം എന്റെയല്ല. അതവരുടെ പ്രശ്‌നമാണ്. എനിക്കറിയാവുന്നതുവെച്ച് പറയുകയാണെങ്കില്‍, 1986-ലെ അതേ പ്രശ്‌നങ്ങളാണ് ഇപ്പോഴുമുള്ളത്. യോഗ്യതാറൗണ്ടില്‍ കഷ്ടപ്പെട്ടാണ് അന്നും ഞങ്ങള്‍ കടന്നുവന്നത്. പത്രക്കാര്‍ ഞങ്ങളെ എഴുതിത്തള്ളിയിരുന്നു. അതുകൊണ്ട് മെക്‌സിക്കോയിലെത്തിയപ്പോള്‍ ടീമിന് ഒരു സമ്മര്‍ദവുമുണ്ടായിരുന്നില്ല. ഇക്കുറിയും, കിരീട സാധ്യതയുള്ളവരുടെ കൂട്ടത്തിലല്ല ഞങ്ങള്‍. പക്ഷേ, കളിക്കളത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ഞങ്ങളിറങ്ങുന്നത്. ഫുട്‌ബോളില്‍, പ്രത്യേകിച്ച് ലോകകപ്പില്‍ അതില്‍ക്കൂടുതലൊന്നും വിലപ്പോകില്ല.
' അന്തിമ ടീം തിരഞ്ഞെടുപ്പിനുശേഷം താരങ്ങളോട് താങ്കള്‍ പറഞ്ഞതെന്താണ്
യോഗ്യത നേടിയ കാലംമുതല്‍ക്ക് പറഞ്ഞതുതന്നെയാണ് എനിക്കിപ്പോഴും അവരോട് പറയാനുള്ളത്. ജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍, വളരെ നിസ്സാരങ്ങളായ പലതും ഈ 30 ദിവസത്തേക്ക് നിങ്ങള്‍ ത്യജിക്കേണ്ടിവരുമെന്ന് ഞാനവരോട് പറഞ്ഞിട്ടുണ്ട്. പകരം, ജീവിതത്തിലുടനീളം അഭിമാനംപകരുന്ന മുഹൂര്‍ത്തങ്ങള്‍ ലഭിക്കുമെന്നും. വളരെ ലളിതമാണ് ഇക്കാര്യത്തില്‍ എന്റെ കാഴ്ചപ്പാട്.
' ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒട്ടേറെ വിവാദങ്ങളുയര്‍ന്നു. കാംബിയാസോയെയും സനേട്ടിയെയും ഒഴിവാക്കിയതായിരുന്നു മുഖ്യവിഷയം
ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമിനെയാണ് ലോകകപ്പിനായി തിരഞ്ഞെടുത്തതെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്. ആ അധ്യായം അതോടെ ഞാനടച്ചു. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദത്തിനും ഞാനില്ല. അര്‍ജന്റീനയ്ക്കായി കളിക്കുന്ന മികച്ച 23 പേരാണ് ഇപ്പോള്‍ ടീമിലുള്ളത്. അവരില്‍നിന്ന് മികച്ച പ്രകടനമാണ് രാജ്യം ആഗ്രഹിക്കുന്നതും. ആരാധകരുടെ പൂര്‍ണപിന്തുണയാണ് ടീമിനു വേണ്ടത്. അത് കിട്ടുമെന്ന് എനിക്കുറപ്പുണ്ട്. ടീമിന്റെ പ്രകടനത്തിലേക്കാണ് ഇനി ഉറ്റുനോക്കേണ്ടത്. പഴയ കാര്യങ്ങള്‍ ചികയുന്നതില്‍ അര്‍ഥമില്ല
' താങ്കള്‍ക്കു കീഴില്‍ കളിക്കില്ലെന്നാണ് റിക്വല്‍മി പ്രഖ്യാപിച്ചത്.
അതിനെക്കുറിച്ചൊക്കെ ഇനി ചിന്തിക്കുന്നതെന്തിനാണ്. മികച്ച താരമാണ് റിക്വല്‍മി. പക്ഷേ, രാജ്യത്തിനുവേണ്ടി കളിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമില്ല. എനിക്കുകീഴില്‍ കളിക്കില്ലെന്ന് അയാള്‍ പറഞ്ഞതായി ഞാനെവിടെയും കേട്ടിട്ടുമില്ല.
' ബാഴ്‌സലോണയ്ക്കുവേണ്ടി കാഴ്ചവെക്കുന്ന പ്രകടനമികവ് രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ പുറത്തെടുക്കാന്‍ ലയണല്‍ മെസ്സിക്ക് സാധിക്കാറില്ല. എന്താണിതിന് കാരണം. അര്‍ജന്റീനയുടെ പരിശീലകനില്‍നിന്ന് ആരാധകര്‍ കേള്‍ക്കാനാഗ്രഹിക്കുന്ന പ്രധാന കാര്യം ഇതാണ്.
ഇതേക്കുറിച്ച് ഇതിനകം ഒട്ടേറെ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. അതൊരു പ്രശ്‌നമായി മാറ്റിയെടുക്കാനും മാധ്യമങ്ങള്‍ക്കായി. നന്ദി. കഴിഞ്ഞ മൂന്നുമാസത്തിനിടെയും ലോകകപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കിടെയും മെസ്സിയുമായി ഇതേക്കുറിച്ച് ദീര്‍ഘനേരം ഞാനും സംസാരിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ എന്താണ് വേണ്ടതെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കറിയാം. ലോകത്തെ ഏറ്റവുംമികച്ച താരമാണ് മെസി. ഗ്രൗണ്ടിലെവിടെയെങ്കിലും അദ്ദേഹത്തെ തളച്ചിടാന്‍ ഞാനാഗ്രഹിക്കുന്നില്ല. കളിക്കളത്തില്‍ മെസ്സിക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. അതു നല്‍കുന്നതില്‍ എനിക്കൊരു വിരോധവുമില്ല. സ്വന്തം ചുമതലയെന്തെന്ന് മെസ്സിക്ക് നന്നായറിയാം. ഈ ലോകകപ്പിന്റെ താരമായി മാറാനുള്ള എല്ലാ മികവും മെസ്സിക്കുണ്ട്. അതേക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അവസരം നഷ്ടപ്പെടുത്താന്‍ മെസ്സിയും തയ്യാറാകില്ല. മെസ്സിക്കത് സാധിക്കും, എനിക്കുറപ്പുണ്ട്.
' 24 വര്‍ഷംമുമ്പ് മെക്‌സിക്കോയിലും ഇതേ സാഹചര്യമായിരുന്നു. അന്ന് ടീം ആശ്രയിച്ചത് താങ്കളെയാണ്
പക്ഷേ, ഇത്തവണത്തെ ടീം മെക്‌സിക്കോയില്‍ കളിച്ചതിനേക്കാള്‍ ഏറെ മുന്നിട്ടുനില്‍ക്കുന്നുവെന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. ലോകചാമ്പ്യന്മാരായ എന്റെ സഹതാരങ്ങളെ വേദനിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. അവര്‍ ഓരോരുത്തരും സ്വന്തം ചുമതല പൂര്‍ണതയോടെ നടപ്പാക്കിയവരാണ്. എന്റെയും ടീമിലെ മറ്റുള്ളവരുടെയും ജീവിതത്തിലെ ഏറ്റവും മികച്ച 30 ദിവസങ്ങളായിരുന്നു അത്. ഇപ്പോഴത്തെ തലമുറയിലെ മികച്ച താരങ്ങള്‍ക്കൊപ്പമാണ് ഞാനിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആ പരിചയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ടീം നിലവാരത്തില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്നുവെന്ന് ഞാന്‍ പറയുന്നത്. ഞങ്ങള്‍ക്കൊപ്പം മെസ്സിയുണ്ട്. മെസ്സിയേക്കാള്‍ ഒട്ടുംതന്നെ പിന്നിലല്ലാത്ത താരങ്ങളുമുണ്ട്.
' ഒന്നിനൊന്ന് മികച്ച ആറ് സ്‌ട്രൈക്കര്‍മാരുണ്ട് ടീമില്‍. ഇവരില്‍നിന്ന് രണ്ടുപേരെ തിരഞ്ഞെടുക്കാന്‍ താങ്കള്‍ ശരിക്കും വിഷമിക്കില്ലേ
ആ ചോദ്യംതന്നെയാണ് അതിന്റെ ഉത്തരവും. ടീമിന്റെ ആഴമാണ് അത് തെളിയിക്കുന്നത്. എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്നത് പ്രതിഭയുടെ ഈ ധാരാളിത്തമാണ്. എല്ലാവരും ആവേശഭരിതരാണ്. ആര്‍ക്ക് അവസരം കൊടുത്താലും ടീമില്‍ സ്ഥാനമുറപ്പിക്കുന്നതിന് അവരില്‍നിന്ന് നൂറ്റൊന്ന് ശതമാനം പ്രകടനമുണ്ടാകുമെന്നും ഉറപ്പുണ്ട്. ഒരു കോച്ചിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഹ്ലാദകരമായ സാഹചര്യമാണിത്. ആരോഗ്യകരമായ മത്സരമാണ് ടീമിനുള്ളിലുള്ളത്. ആറ് സ്‌ട്രൈക്കര്‍മാരില്‍നിന്ന് രണ്ടു പേരെ തിരഞ്ഞെടുക്കല്‍ തീര്‍ത്തും ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, മികച്ച രണ്ടുപേരെയാകും ആദ്യഇലവനില്‍ ഉള്‍പ്പെടുത്തുക.
' ലോകകപ്പില്‍ കളിക്കാരനായും പരിശീലകനായും താങ്കളെത്തി. എന്താണിവ തമ്മിലെ വ്യത്യാസം
ഏറെ വ്യത്യാസങ്ങളുണ്ട്. കളിക്കാരനെന്ന നിലയില്‍ കാര്യങ്ങള്‍ എളുപ്പമാണ്. കളിക്കളത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. പന്ത് സ്വന്തം നിയന്ത്രണത്തിലായിരിക്കും അപ്പോള്‍. പക്ഷേ, പരിശീലകനാവുന്നത് അങ്ങനെയല്ല. തീര്‍ത്തും വ്യത്യസ്തരായ വ്യക്തികളെ ഏകോപിപ്പിച്ചുകൊണ്ടുപോകണം. വിജയമെന്ന ഏകലക്ഷ്യത്തിലേക്ക് അവരെ നയിക്കണം. ടീം വിജയിക്കുമ്പോള്‍, അവര്‍ക്കെല്ലാം അത് ഗുണം ചെയ്യുമെന്ന് ബോധ്യപ്പെടുത്തണം. ഓരോരുത്തരുടെയും വഴികാട്ടിയായി നില്‍ക്കണം. അവരിലോരോരുത്തരിലും ശ്രദ്ധയും വേണം. ശരിക്കും കടുപ്പം പിടിച്ച പണിയാണത്. പക്ഷേ, ഞാനത് ആസ്വദിക്കുകയാണ്.
--
By,
Ranjith K R
No comments:
Post a Comment