.

Consolation Prizes Sponsored by......

Consolation Prizes Sponsored by... Brazil Fans (BCG,HDG),England Fans (HDG),Portugal Fans (BCG),Germany Fans (CDAC),Brains College,Kulathur, Sooraj J (Ex-BCG)

Tuesday, June 1, 2010

ഇനി കാണുക വേറിട്ടൊരു അര്‍ജന്റീനയെ

ആരാധക പിന്തുണയില്‍ ബ്രസീലിനൊപ്പമാണ് അര്‍ജന്റീനയും. അതുകൊണ്ടു തന്നെ 
ഓരോ ലോകകപ്പിലും അര്‍ജന്റീനക്കാര്‍ പ്രതീക്ഷയുടെ ചിറകിലാണ് പറന്നെത്തുന്നത്. 
ഇക്കുറി ഡീഗോ മാറഡോണയുടെ കോച്ചിങ്ങിലെത്തുന്ന അര്‍ജന്റീനയുടെ പ്രതീക്ഷകളെക്കുറിച്ച് 
സംസാരിക്കുകയാണ് ടീമിലെ യുവതാരമായ
സെര്‍ജിയോ അഗ്യൂറോ 


? ആദ്യ ലോകകപ്പ്. ഒരു സ്വപ്നം സഫലമാവുകയാണോ

തീര്‍ച്ചയായും. സ്വന്തം രാജ്യത്തെ ലോകകപ്പില്‍ പ്രതിനിധാനം ചെയ്യുന്നതിലും വലുതായി മറ്റൊന്നില്ല. ഫുട്‌ബോള്‍ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവസരമാണിത്. ഈ ലോകകപ്പില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്ന അര്‍ജന്റീനാ സംഘത്തില്‍ അംഗമായതിന്റെ ആവേശത്തിലാണ് ഞാന്‍.

? കിരീടം നേടാന്‍ മികവുള്ള ടീമാണ് ഇതെന്ന് കരുതുന്നുണ്ടോ

മികച്ച ടീമാണ് ഞങ്ങളുടേത്. കൂടാതെ, ലോകത്തെ ഏറ്റവും മികച്ച താരവും ഞങ്ങള്‍ക്കൊപ്പമുണ്ട്. മെസിയെക്കൂടാതെ, അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ നിലവാരമുള്ള മറ്റുചിലരുമുണ്ട്. ലോകകപ്പിനുപോകുമ്പോള്‍, അര്‍ജന്റീനക്കാര്‍ ചാമ്പ്യന്മാരാവുന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. 

? മറ്റ് പല ടീമുകളെയും കണക്കിലെടുക്കുമ്പോള്‍ അത്ര ഭദ്രമായിരുന്നില്ല നിങ്ങളുടെ യോഗ്യതാ റൗണ്ടിലെ പ്രകടനം

യോഗ്യതാ മത്സരങ്ങളെ അതേ നിലവാരത്തിലേ കാണാവൂ. യോഗ്യതാറൗണ്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളെപ്പോലൊരു ടീമിനെ വിലയിരുത്തുന്നത് ശരിയല്ല. ചില പ്രതിസന്ധികളുണ്ടായിരുന്നുവെന്നത് ശരിതന്നെ. പക്ഷേ, ഉറുഗ്വായെ തോല്‍പ്പിച്ച് ലാറ്റിനമേരിക്കയിലെ നാലാം സ്ഥാനക്കാരായി ഞങ്ങള്‍ യോഗ്യത നേടിയെന്ന് ഓര്‍ക്കണം. ലോകകപ്പില്‍ കാണാന്‍ പോകുന്നത് തീര്‍ത്തും വ്യത്യസ്തമായ അര്‍ജന്റീനാ ടീമിനെയാകും. 

? താങ്കളുടെ അടുത്ത സുഹൃത്താണ് ലയണല്‍ മെസി. കളിക്കാരനെന്ന നിലയ്ക്ക് മെസിയെ എങ്ങനെ വിലയിരുത്തുന്നു

ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച താരം. അതിലൊരു സംശയവുമില്ല. എന്റെ സുഹൃത്തായതുകൊണ്ട് പറയുന്നതല്ല. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ ഓരോ നീക്കവും അത് തെളിയിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ക്ലബ് തലത്തിലുണ്ടാക്കിയ നേട്ടങ്ങളും അത് തെളിയിക്കുന്നു.

? പക്ഷേ, അതേ പ്രകടനം ദേശീയ ടീമില്‍ മെസിക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്

അതിനൊരു കാരണം ടീമെന്ന നിലയ്ക്ക് കളിക്കാനുള്ള അവസരമില്ലാത്തതാണ്. ഓരോ മത്സരത്തിനും രണ്ടോ മൂന്നോ ദിവസം മുമ്പായിരിക്കും ഞങ്ങള്‍ ഒന്നിക്കുക. പരിശീലനത്തിന് ഒരു ദിവസം കിട്ടിയാലായി. ഇതിനിടയ്ക്ക് ടീമിലെ മറ്റുള്ള താരങ്ങളുമായി ഒത്തിണക്കം കൈവരിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ, ലോകകപ്പിനുമുമ്പ് ഞങ്ങള്‍ക്ക് മൂന്നാലാഴ്ച ലഭിച്ചിട്ടുണ്ട്. അതിന്റെ വ്യത്യാസം ഇനിയുള്ള മത്സരങ്ങളില്‍ പ്രകടമാകും. 

?കോച്ച് മാറഡോണ താങ്കളുടെ ഭാര്യാപിതാവ് കൂടിയാണ്. ആ ബന്ധം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടോ

അതിലൊരു പ്രശ്‌നവുമില്ല. ദേശീയ ക്യാമ്പിലെത്തുമ്പോള്‍ അവിടത്തെ മറ്റ് താരങ്ങളെപ്പോലെതന്നെയാണ് അദ്ദേഹം എന്നെ പരിഗണിക്കുന്നത്. ഞാന്‍ അദ്ദേഹത്തെ പരിശീലകനെന്ന നിലയിലും. എനിക്കെന്തെങ്കിലും അമിത പരിഗണന കിട്ടുന്നുണ്ടോയെന്ന് മറ്റുള്ളവര്‍ സംശയിക്കാതിരിക്കാന്‍, അദ്ദേഹവുമായി ക്യാമ്പില്‍വെച്ച് ഞാനധികം സംസാരിക്കാറില്ല. അത്തരം ആരോപണങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്കിരുവര്‍ക്കും താത്പര്യമില്ല. അതുകൊണ്ട് ഞാനൊരകലം കാത്തുസൂക്ഷിക്കുന്നു. ക്യാമ്പിനുപുറത്ത് അദ്ദേഹം വളരെ സ്‌നേഹമുള്ള അച്ഛനാണ്. ഞങ്ങളുടെ മകന്‍ ബെഞ്ചമിനുമായി കളിക്കാനിഷ്ടപ്പെടുന്ന അപ്പൂപ്പന്‍. ഇതെല്ലാമാണെങ്കിലും, അദ്ദേഹത്തിന്റെ താരപ്പകിട്ട് മറന്നുപോകരുത്. 

? അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന മാറഡോണയുടെ റെക്കോഡ് തകര്‍ത്തത് താങ്കളാണ്. അതെങ്ങനെ കാണുന്നു?

ശരിയാണ്. 15-ാം വയസ്സില്‍ ടീമിലെത്തി ഞാന്‍ ആ റെക്കോഡ് തകര്‍ത്തിട്ടുണ്ട്. പക്ഷേ, മാറഡോണയുടെ മറ്റൊരു നേട്ടവും ഞാന്‍ മറികടന്നിട്ടില്ല. മാറഡോണയുടെ പ്രതിഭയെ മറ്റൊരാളുമായും താരതമ്യം ചെയ്യാന്‍ പോലുമാകില്ല. പ്രത്യേകിച്ച് അര്‍ജന്റീനയില്‍. ലോകഫുട്‌ബോളില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ മതി അതിന് തെളിവ്. മാറഡോണയുടെ പേരിലുള്ള റെക്കോഡാണ് ഞാന്‍ മറികടക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വിവേകമൊന്നും എനിക്കപ്പോഴുണ്ടായിരുന്നില്ലെന്നതാണ് സത്യം. കളിക്കിറങ്ങുംമുമ്പേ, എന്റെ പേര് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. മാറഡോണയാണ് എന്റെ ഹീറോ. എക്കാലത്തും അതങ്ങനെതന്നെയായിരിക്കും.

1 comment:

  1. മാറഡോണയാണ് എന്റെ ഹീറോ. എക്കാലത്തും അതങ്ങനെതന്നെയായിരിക്കും.

    ReplyDelete