This is an article which came in Mathrubhumi, i will try to put the english translation of this, but i am afraid, if i cud replace these touching words with my english knowledge.
Posted on: 19 Jun 2010
ഒ.ആര്‍. രാമചന്ദ്രന്‍
ചേരിയിലെ കുട്ടികള്‍ കളിക്കുന്ന ചെറിയ മൈതാനത്തിനു പുറത്ത് വല്ലപ്പോഴും അച്ഛന്‍ വന്നു നില്‍ക്കാറുള്ളതിനെക്കുറിച്ച് റൊബീന്യോ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കക്കൂസ് കുഴികളും പൈപ്പുകളും വൃത്തിയാക്കുന്നിടത്തു നിന്നാണ് അച്ഛന്‍ വരിക. കൈയില്‍ വീട്ടിലേക്കുള്ള മീനോ വീട്ടുസാമാനങ്ങളോ പണിയായുധങ്ങളോ ഉണ്ടാവും. വയര്‍ നിറയെ മദ്യപിച്ചിട്ടുമുണ്ടാവും. മൈതാനത്തിന്റെ തിരക്കൊഴിഞ്ഞ ഏതെങ്കിലും മൂലയില്‍ ആരുടെയും കണ്ണില്‍പ്പെടാതെ അയാള്‍ മാറിനില്‍ക്കും. എന്നാലും മൈതാനത്ത് ചുറ്റിനടക്കുന്ന കാറ്റ് വന്ന് കൊച്ചു റൊബീന്യോവിനോടു കാതില്‍ രഹസ്യമായി പറയും- നന്നായി കളിക്ക്, ദേ.. അച്ഛന്‍ പുറത്തു നില്‍ക്കുന്നു.
കുടിയനും മുരടനുമാണെങ്കിലും തനിക്കു പന്തു കിട്ടുമ്പോള്‍ ആരും കാണാതെ അച്ഛന്‍ മേലേക്കു നോക്കി കുരിശു വരയ്ക്കുമെന്ന് റൊബീന്യോയ്ക്കറിയാം. അതൊരു ബലമാണ്. ഇടയ്ക്ക് വലിയ കുട്ടികള്‍ കൊച്ചുറോബിയെ വീഴ്ത്തും. അപ്പോള്‍ കുമ്മായവരയ്ക്കു പുറത്തു നിന്ന് അച്ഛന്‍ ക്ഷോഭിക്കും. മീനും മറ്റും വലിച്ചെറിയും. റോബി ഗോളടിച്ചാല്‍ ചിലപ്പോള്‍ ആര്‍ത്തുവിളിക്കും, മുട്ടുകുത്തി പ്രാര്‍ഥിക്കും. മൈതാനത്തു നിന്ന് കയറുമ്പോള്‍ ഓടിവരും. വിയര്‍പ്പും നാറ്റവുമുള്ള ആലിംഗനം നല്‍കും. ഉമ്മ വെക്കും. കൈയില്‍ കാശുള്ള ദിവസമാണെങ്കില്‍ എന്തെങ്കിലും വാങ്ങിക്കൊടുക്കും. കളി ജയിച്ചു വന്ന ദിവസം ഒരു നേരം ചോറെങ്കിലും ഉറപ്പ്. അതിനാല്‍ കളിക്കുമ്പോഴെല്ലാം അച്ഛന്‍ സൈഡ്‌ലൈനിലെത്തിയിട്ടുണ്ടോ എന്ന് റൊബീന്യോ ഒളികണ്ണിട്ടു നോക്കും. ഒരഭിമുഖത്തില്‍ ആ കഥ വിവരിക്കുമ്പോള്‍ ടി. വി. സ്‌ക്രീനില്‍ സൂം ചെയ്തു കാണിച്ച റൊബീന്യോയുടെ കണ്ണില്‍ പഴയ നാളുകളുടെ വടുകെട്ടിയ കണ്ണീര്‍ മാത്രമല്ല, അഭിമാനത്തിന്റെയും ആദരവിന്റെയും സ്‌നേഹത്തിന്റെയും തിളക്കവുമുണ്ടായിരുന്നു.
ദക്ഷിണകൊറിയയുമായുള്ള അര്‍ജന്റീനയുടെ കളി കണ്ടുകൊണ്ടിരിക്കെ റൊബീന്യോയുടെ അച്ഛനെ ഓര്‍മിച്ചു പോയി. മൈതാനത്തിനു പുറത്ത് അതാ, കൊച്ചു റോബിയുടെ അച്ഛന്‍! സാക്ഷാല്‍ ഡീഗോ മാറഡോണ! ആലിംഗനം ചെയ്യാന്‍ നിവര്‍ത്തിപ്പിടിച്ച കൈകളുമായി, വാടാ മക്കളേ... എന്നു വിളിക്കുന്ന അഞ്ഞൂറാന്‍! കൊടുത്താലും തീരാത്ത ചുംബനങ്ങള്‍. ഞെരിച്ചു കൊല്ലുന്ന പരിരംഭണം. എതിരാളി തന്റെ കുട്ടികളെ തൊട്ടാല്‍ കേറടാ, അടിയെടാ വിളികള്‍. നല്ല ഒരു നീക്കമോ പാസ്സോ കണ്ടാല്‍ ബലേ ഭേഷ് കൈയടികള്‍. സംഘര്‍ഷം മൂക്കുമ്പോള്‍ മുട്ടു കുത്തി ജപമാലയില്‍ മുത്തമിട്ടുള്ള പ്രാര്‍ഥന. (ഇടയ്‌ക്കെപ്പോഴോ തന്നെ തേടി വന്ന പന്തിനും കൊടുത്തു പുറംകാല്‍ കൊണ്ട് ഒരു ചുടുചുംബനം). വിടാതെ കെട്ടിപ്പിടിച്ചു കൊണ്ട് ഒന്നായിത്തീര്‍ന്ന പന്തു പോലെ ഡ്രസ്സിങ് റൂമിലേക്ക് നീങ്ങുന്ന മെസ്സിയും മാറഡോണയും കളി തീര്‍ന്നിട്ടും കണ്ണില്‍ നിന്നു മായുന്നില്ല.
നീട്ടിപ്പിടിച്ച ആ കൈകള്‍ ഫുട്‌ബോള്‍ ലോകത്തിനു തന്നെയുള്ള ഒരു ഭ്രാന്തന്‍ ജീനിയസ്സിന്റെ ക്ഷണമായിട്ടാണ് തോന്നിയത്. വരൂ, ആനന്ദിക്കൂ എന്ന ക്ഷണം. ലോകത്തോടു മുഴുവന്‍ ദേഷ്യവുമായി നില്‍ക്കുന്ന, കൃത്രിമഗൗരവവും അച്ചടക്കത്തിന്റെ വാളും റൈറ്റിങ് പാഡും വായിലെ മുട്ടന്‍ തെറികളും അടയാള ചിഹ്നമാക്കിയ, പ്രൊഫഷണല്‍ കോച്ചുമാര്‍ക്കിടയില്‍ സാധാരണക്കാരന്റെ വികാരവിചാരങ്ങളുടെ മീന്‍ മണക്കുന്ന ഈ കോച്ച് വ്യത്യസ്തനാവുന്നത് എങ്ങനെയെന്ന് ബുധനാഴ്ച മനസ്സിലായി; കളിക്കളത്തിലെ ഓരോ അര്‍ജന്റൈന്‍ കുട്ടിയും ആ അച്ഛനെ ഒളികണ്ണിട്ടു നോക്കുന്നതു കണ്ടപ്പോള്‍; കളി തീര്‍ന്നയുടനെ ആ കൈകളിലേക്ക് ഓടിയണയുന്നതു കണ്ടപ്പോള്‍. ഇങ്ങനെ പ്രചോദിപ്പിക്കുന്ന ഒരച്ഛനോ അതോ വരച്ച വരയില്‍ നിര്‍ത്തിക്കളിപ്പിക്കുന്ന കോച്ചോ അന്തിമവിജയം നേടുക എന്നിപ്പോള്‍ പറയാനാവില്ല. പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ കഠിനലോകത്ത് ഇത്തരം വൈകാരിക പ്രകടനങ്ങള്‍ പരാജയപ്പെടാനാണ് കൂടുതല്‍ സാധ്യത. തോറ്റാലും ജയിച്ചാലും ഒന്നുറപ്പിക്കാം. ജയത്തില്‍ ആഹ്ലാദിക്കാന്‍ മാത്രമല്ല, തോല്‍വിയില്‍ പൊട്ടിക്കരയാനും അയാള്‍ ഈ കുട്ടികള്‍ക്കൊപ്പം ഉണ്ടാവും. കോഴി മൂന്നുവട്ടം കൂവും മുമ്പ് കളിക്കാരെ ഒറ്റുന്ന റെയ്മണ്ട് ഡോമനെക്കുമാരുടെ കൂട്ടത്തില്‍ പെടുകയില്ല ഫുട്‌ബോളിന്റെ ഈ പുതിയ കളിയച്ഛന്‍. മറ്റൊന്നു കൂടി ഉറപ്പിക്കാം, ഈ ലോകകപ്പ് ആരു നേടിയാലും ഡീഗോയാണ് വാര്‍ത്ത സൃഷ്ടിക്കാന്‍ പോകുന്നത്. അത് നല്ലതോ ചീത്തയോ എന്ന കാര്യം കണ്ടുതന്നെ അറിയണം.
courtesy : http://www.mathrubhumi.com/online/malayalam/news/story/367771/2010-06-19/sports
ലോകത്തോടു മുഴുവന്‍ ദേഷ്യവുമായി നില്‍ക്കുന്ന, കൃത്രിമഗൗരവവും അച്ചടക്കത്തിന്റെ വാളും റൈറ്റിങ് പാഡും വായിലെ മുട്ടന്‍ തെറികളും അടയാള ചിഹ്നമാക്കിയ, പ്രൊഫഷണല്‍ കോച്ചുമാര്‍ക്കിടയില്‍ സാധാരണക്കാരന്റെ വികാരവിചാരങ്ങളുടെ മീന്‍ മണക്കുന്ന ഈ കോച്ച് വ്യത്യസ്തനാവുന്നത് എങ്ങനെയെന്ന് ബുധനാഴ്ച മനസ്സിലായി; കളിക്കളത്തിലെ ഓരോ അര്‍ജന്റൈന്‍ കുട്ടിയും ആ അച്ഛനെ ഒളികണ്ണിട്ടു നോക്കുന്നതു കണ്ടപ്പോള്‍; കളി തീര്‍ന്നയുടനെ ആ കൈകളിലേക്ക് ഓടിയണയുന്നതു കണ്ടപ്പോള്‍. ഇങ്ങനെ പ്രചോദിപ്പിക്കുന്ന ഒരച്ഛനോ അതോ വരച്ച വരയില്‍ നിര്‍ത്തിക്കളിപ്പിക്കുന്ന കോച്ചോ അന്തിമവിജയം നേടുക എന്നിപ്പോള്‍ പറയാനാവില്ല.
ReplyDelete