വൈകിട്ടു ട്യൂഷന്‍ കഴിഞ്ഞു സമീപത്തെ ട്യൂഷന്‍ സെന്ററില്‍ നിന്നും കുട്ടികള്‍ ഇറങ്ങുന്ന സമയത്തു ഞങ്ങടെ മൈതാനത്തു പന്ത് ഉരുണ്ടു തുടങ്ങും. വലം കയ്യില്‍ ലേഡിബേര്‍ഡ് സൈക്കിളും, ഇടംകയ്യാല്‍ മാറത്തടുക്കി പിടിച്ച പുസ്തകവുമായി മൈമൂനയും കൂട്ടരും മൈതാനത്തു കാലെടുത്തു വെക്കുന്ന സമയം മുതല്‍, അന്നനടയോടെയവള്‍ മൈതാനം മറികടന്നു സമീപത്തെ അവളുടെ വീടിന്റെ പൂമുഖത്തെത്തി തിരിഞ്ഞു നിന്നു കൂട്ടുകാരികള്‍ക്കു പുഞ്ചിരി സമ്മാനിക്കും വരെ മൈതാനത്ത് പൊടിപാറുന്ന, ചോരപൊടിയുന്ന, എല്ലുകളൊടിയുന്ന പോരാട്ടമായിരിക്കും. ആ സമയമത്രയും കാണികള്‍ മൈതാനത്തു നിന്നും കണ്ണെടുക്കാതെ കളിയാസ്വദിക്കും. പിന്നെ തളര്‍ന്ന കളിക്കാര്‍ ഓരോരുത്തരായി സൈഡ് ലൈന്‍ ക്രോസ്സ് ചെയ്തു കാണികളാകും. അപ്പോഴേക്കും കാണികള്‍ അന്ത്രുമാനിക്കാന്റെ കപ്പലണ്ടിയും തിന്നുകൊണ്ട് പതിയെ കളമൊഴിയും.
മൈമൂന. അവള്‍ക്കന്നു വിവരവും വിദ്യാഭ്യാസവും എന്നെക്കാള്‍ മൂന്നു ക്ലാസ്സ് കൂടുതല്‍. എട്ടുംപൊട്ടും തിരിയാതെ ഞാന്‍ നടക്കുന്ന ആ കാലത്ത് അവള്‍ക്ക് എട്ടാം ക്ലാസ്സില്‍ വിദ്യാഭ്യാസം. തട്ടമിട്ട ആ മൊഞ്ചത്തിയുടെ സുറുമയിട്ട കണ്ണുകളുടെ കടാക്ഷങ്ങളും, ചെഞ്ചുണ്ട് വകന്നുമാറ്റി പുറത്തുവരുന്ന പുഞ്ചിരിയും കണ്ടാലറിയാം അവളുടെ വിവരത്തിന്റെ ക്ലാസ്സ് എന്നതു ചേട്ടന്മാര്‍ക്കിടയിലെ പാട്ട്.
മൈതാനത്തു അന്നൊരു മത്സരമായിരുന്നു. അടുത്ത സ്കൂളിലെ കുട്ടികളുമായൊരു സൌഹൃദ മത്സരം. ഹൈസ്കൂളിലെ ചേട്ടന്മാരാണു കളിക്കുന്നതു. ഒരാള്‍ കൂടി വേണം. നല്ല ചന്തമുള്ള ജെഴ്സിയൊക്കെ അണിഞ്ഞ എതിര്‍ടീമിനോട് മുട്ടാന്‍ ചിലര്‍ക്കൊരു മടി. കളത്തില്‍ എണ്ണമൊപ്പിക്കാന്‍ ‘സ്ഥിരമായി പന്തു പെറുക്കുന്നവന്‍‘ എന്ന യോഗ്യതയില്‍ ഒടുവില്‍ എനിക്കു നറുക്ക് വീണു.
സൈഡ്, വിങ്ങ്, ഫോര്‍വേഡ്, ബാക്ക് എന്നൊന്നും ആരെയും വേര്‍തിരിക്കപ്പെട്ടിട്ടില്ലാത്ത നമ്മടെ നാടന്‍ കളിയോട് ഫിഫയുടെ കളി. മൈതാനമായി മാറിയ പഴയ വയലിന്റെ വരമ്പു മാത്രം അതിര്‍വരമ്പായി കണ്ട ഞങ്ങളോട്, റഫറിയായി നില്‍ക്കാന്‍ വന്ന ചേട്ടന്‍ കളിയുടെ അതിര്‍വരമ്പുകള്‍ വിവരിച്ചപ്പോള്‍ വാപൊളിച്ചു നിന്ന ദിവസം. കളിക്കാന്‍ ആളെക്കിട്ടിയാല്‍ പത്തിരുപത്തിരണ്ട് പേരൂം, ആളെക്കിട്ടിയില്ലെങ്കില്‍ പത്തുപതിനാലുപേരും ഒരു പന്തിനുവേണ്ടി കടിപിടികൂടുന്നതു കണ്ടാല്‍ കരഞ്ഞു പോകുന്ന തരം കളി കളിച്ചു പരിചയം ഉള്ള തനി ഗവണ്മെന്റ് സ്കൂളിലെ ഞങ്ങളും, കോച്ച്, കളി പഠിപ്പിച്ചു വിട്ട ബോയ്സ് സ്കൂളിലെ കുട്ടികളും തമ്മിലൊരു പന്തു കളി. മുണ്ട് മടക്കിക്കുത്തി, സമരം വന്നാല്‍ ഉപയോഗിക്കാനായി ഒരു പാര്‍ട്ടിക്കൊടിയെടുത്തു ബുക്കിനകത്തു വെച്ചു കളിക്കാനും, തമ്മില്‍ തല്ലാനുമായിമാത്രം ഞങ്ങളുടെ സ്കൂളിലെത്തുന്ന ചേട്ടന്മാരും, ബാഗ് നിറച്ചു പുസ്തകവുമായി പഠിക്കാന്‍ പോകുന്ന, നല്ല ചന്തമുള്ള ജെഴ്സിയിട്ട കുട്ടികളും തമ്മിലൊരു കളി.
കളി തുടങ്ങി, ഒറ്റക്കു പന്തുമായി ഞങ്ങളുടെ കൂട്ടത്തിനു നടുവില്‍ അകപ്പെട്ടവന്മാരൊക്കെ ചവിട്ടും കുത്തുമേറ്റ് നടുവും തടകി കളത്തിനു പുറത്തേക്കു പോയി. കൂട്ടത്തിനകത്തു പെട്ടിട്ടും ചക്രവ്യൂഹത്തിനു പുറത്തു പന്തു കടത്താന്‍ കഴിഞ്ഞ അഭിമന്യുമാര്‍ താരങ്ങളായി. അപ്പോഴൊക്കെ അവര്‍ ഞങ്ങളുടെ ഒഴിഞ്ഞ പോസ്റ്റില്‍ ഗോളടിച്ചു കൊണ്ടിരുന്നു.
പകുതി സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒന്നുരണ്ടു കാര്യം തീരുമാനിച്ചു. സ്ഥിരമായി ഗോള്‍ പോസ്റ്റില്‍ ഗോളിയായി ഒരാള്‍ വേണം എന്നതാണൊന്ന്. പിന്നെ ഇതുവരെ ഒറ്റക്കെട്ടായി നിന്നതിനെ പകുത്തു ഇടത്തും വലത്തും രണ്ട് കെട്ടാക്കി മാറ്റി നിര്‍ത്തി.
ഇടക്കിടക്കു നമ്മളും ഗോളടിക്കുന്നുണ്ടായിരുന്നു. അവരുടെ ഗോളിയെ സഹിതം അടിച്ചിട്ടും, റഫറിയെ ഭീഷണിപ്പെടുത്തിയും, തിണ്ണമിടുക്കു കാട്ടിയും ഞങ്ങളും ഗോളുകള്‍ നേടിക്കൊണ്ടിരുന്നു. കളി തീരാന്‍ സമയമാകുന്നു. ട്യൂഷന്‍ ക്ലാസ്സ് കഴിഞ്ഞു. എല്ലാ കഥയുടെയും ക്ലൈമാക്സുപോലെ ഇവിടെയും ഗോള്‍ നില സമനിലയിലെത്തി.
മൈമൂന കൂട്ടുകാരൊത്തു മൈതാനത്തില്‍ പ്രവേശിച്ചു. പതിവുപോലെ ഞങ്ങളുടെ കൂട്ടത്തിലെ ചേട്ടന്മാര്‍ ലോകമഹായുദ്ധം തുടങ്ങി. മൊഞ്ചത്തിയെയും കൂട്ടരെയും കണ്ട് ബോയ്സിലെ ബോയ്സ് വെള്ളമിറക്കാതെ വെള്ളമിറക്കി നിന്നു. ചേട്ടന്മാരുടെ കടിപിടിക്കിടയില്‍ കിടന്നു പിടക്കണ്ട എന്നു കരുതി ഞാന്‍ ഒരൊഴിഞ്ഞ കോണിലേക്കു മാറി നിന്നു. എനിക്കു പിന്നില്‍ പെണ്‍കുട്ടികളെ കണ്ട് നാണം കുണുങ്ങി, കയ്യാല്‍ നാണം മറച്ചു നില്‍ക്കുന്ന നിക്കറൊക്കെ(ജേഴ്സി)-യിട്ട എതിര്‍ ഗോളി. മുന്നില്‍, ഗോളിച്ചേട്ടന്റെ ജേഴ്സിയെ പുകഴ്ത്തിയാവണം തമാശ പറഞ്ഞു ചിരിച്ചു നീങ്ങുന്ന ചേച്ചിമാര്‍. വായിനോക്കി നിന്ന എന്റെ ചെവിയില്‍, മൈതാനത്തിനു പുറത്തു ശുഷ്കാന്തിയോടെ കളികണ്ട് നിന്ന ഏതോ ഒരുവന്റെ ‘അടിയെടാ ഹിമാറെ’ എന്നൊരലര്‍ച്ച വന്നലച്ചു. അതിനെ ‘അടിയെടാ മോനെ’ എന്നു തിരുത്തി വായിച്ചു കൊണ്ട് ഞാന്‍ തിരിഞ്ഞപ്പോഴേക്കും പന്ത് എന്റെ മൂക്കിനടുത്തെത്തിയിരുന്നു. അറിയാതെ പിടഞ്ഞുമാറി കാലു പൊക്കി ഒരു തൊഴി വെച്ചു ഞാന്‍ മൂക്കും കുത്തി മറിഞ്ഞു വീണു.
ആകെ നാണെക്കേടായി......,
പെണ്‍കുട്ടികള്‍ മൈതാനം വിട്ടിട്ടു എണീക്കാം എന്നു കരുതി, എഴുന്നേല്‍ക്കാതെ ഞാന്‍ കമഴ്ന്നു കിടന്നു. ആള്‍ക്കാര്‍ ചുറ്റിനും ഓടിക്കൂടുന്ന ശബ്ദം.
വായില്‍ നോക്കി നിന്ന് കളി കളഞ്ഞതിനു ചേട്ടന്മാരുടെ തല്ല് ഇപ്പോള്‍ കിട്ടും....., മനസ്സു പറഞ്ഞു.
കിട്ടുന്ന തല്ലു വാങ്ങാനായി ഞാന്‍ ഇല്ലാത്ത മസില്‍ പെരുപ്പിച്ചു ഞാന്‍ കിടന്നു. തല കറങ്ങുന്നതു പോലെ, പതിയെ ഒരു കണ്ണു തുറന്നു. ആകെ കറങ്ങുന്നു. കറങ്ങുന്നതിനിടയില്‍ മൈതാനത്തിന്റെ ഓരത്തു മുത്തു പൊഴിച്ചു ചിരിച്ചു നില്‍ക്കുന്ന മൈമൂന. ഞാന്‍ രണ്ടു കണ്ണും തുറന്നു. ആഹ്ലാദത്താല്‍ എന്നെയെടുത്തു വട്ടം കറക്കുന്ന പോത്ത് ബിജു. ചുറ്റിലും കൂട്ടുകാരുടെ ആഘോഷം.
എന്റെ സിസര്‍ കട്ടു ഗോള്‍ സൂപ്പറായിരുന്നുവെന്നു കളി കഴിഞ്ഞപ്പോള്‍ റഫറിയുടെ സര്‍ട്ടിഫിക്കറ്റ്. ഞാന്‍ കാണിച്ച അഭ്യാസത്തിനു അങ്ങനെയൊരു പേരുണ്ടെന്നതു പുതിയ അറിവായിരുന്നു.
അടുത്ത ദിവസം മൈമൂനയുടെ ഒരു സ്പെഷ്യല്‍ ചിരി കിട്ടി. എനിക്കു കിട്ടിയ ചിരി കണ്ടു കോരിത്തരിച്ച ചേട്ടന്മാര്‍ തുടര്‍ന്നു വന്ന ദിവസങ്ങളില്‍ എന്റെ ചുറ്റിലും നിന്നു എനിക്കുള്ള ചിരിയുടെ പങ്കുപറ്റിപ്പോന്നു. അങ്ങനെ, അന്നു മുതല്‍ തന്നെ ഞാന്‍ ഞങ്ങളുടെ ടീമിന്റെ ഫോര്‍വേഡായി.
കാലം പോകുന്നതനുസരിച്ചു കളിയില്‍ എന്റെ സ്ഥാനം മാറിക്കൊണ്ടിരുന്നു. ഫോര്‍വേഡില്‍ നിന്നു പിന്നെ ഞാന്‍ വിങ്ങിലെത്തി, കുറച്ചുകാലം ബാക്കായി, പിന്നെ ബെഞ്ചിലായി, ഇടക്കു ഗോളിയുമായി, ഒടുവില്‍ പുറത്തായി സൈഡായി. എങ്കിലും അന്നു കിട്ടിയ മൈമൂന്റെ ആ പുഞ്ചിരികളാല്‍ ഞാനൊരു ഫുട്ബോള്‍ ഫാനായി.
സിസര്‍ കട്ടുമായുള്ള ബന്ധം വിട്ടാലും “സിസറു”മായുള്ള ബന്ധം വിട്ടിട്ടില്ലല്ലോ.... :P
ReplyDeleteഈ ഫിഫാ ഫിഫാ.. എന്നൊക്കെ കേള്‍ക്കുന്നതിനുമുമ്പേ കളി തുടങ്ങിയവരാ.. ഞങ്ങള്‍ .. ഞങ്ങള്‍ക്ക് ഫുട്ബാള്‍ കളിക്കാന്‍ മിനിമം രണ്ടാള്‍, മാക്സിമം.. (അങ്ങനെ ഒന്നില്ലാ..), അന്നത്തെ ഞങ്ങളുടെ ശൈലിയിലാ ഇപ്പൊ ചില ടീമുകള്‍ കളിക്കുന്നത്... എല്ലാരും കൂടെ ഒരു കൂട്ടപൊരിച്ചല്‍... :)
ReplyDeleteഓടോ : ഈ ഫിഫാ ഫിഫാ എന്നു കേട്ടു തുടങ്ങിയപ്പോഴേക്കും ഞാന്‍ കളി നിര്‍ത്തി.. കൂടെ പഠിച്ചവര്‍ക്കെല്ലാം മുടിഞ്ഞ പവര്‍ വന്നു അപ്പോഴുക്കും കശ്മലന്മാരുടെ ഇടി കൊണ്ട് മടുത്തു.. :(
ആദ്യം സൂസി, ഇപ്പോ മൈമൂന. ഇക്കാ ഇങ്ങള് ശരിയാവില്ല കേട്ടാ....
ReplyDeleteനമ്മളുമാത്രം ശരിയായാലെല്ലാം ശരിയാവില്ലല്ലോ? :)
ReplyDelete