ലണ്ടന്‍: ലോകകപ്പിന്റെ ടോപ്‌സ്‌കോറര്‍ പദവിയും സുവര്‍ണപാദുകവും സ്വന്തമാക്കുന്നത് ആരാകും?. വാതുവെപ്പ് വെബ്‌സൈറ്റുകള്‍ നല്‍കുന്ന സൂചനയനുസരിച്ച്, സ്‌പെയിനിന്റെ ഡേവിഡ് വിയയ്ക്കുവേണ്ടി പന്തയംവെക്കാനാണ് ആളുകളേറെ. ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിയും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുമാണ് പിന്നിലുള്ളത്.
ഓരോ താരത്തിന്റെയും സ്‌ട്രൈക്കിങ് മികവും അവരുടെ ടീം ടൂര്‍ണമെന്റില്‍ മുന്നേറാനുള്ള സാധ്യതയും വിലയിരുത്തിയാണ് പന്തയക്കമ്പോളം ടോപ്‌സ്‌കോറര്‍ പദവിയില്‍ കാശിറക്കുന്നത്. ഇക്കുറി ചാമ്പ്യന്മാരാകുമെന്ന് ഏറെപ്പേരും കരുതുന്ന സ്‌പെയിന്റെ മുഖ്യ സ്‌ട്രൈക്കര്‍ വിയയ്ക്കുവേണ്ടി കാശിറക്കാന്‍ അതുകൊണ്ടുതന്നെ ആളുകള്‍ക്ക് മടിയില്ല. പ്രമുഖ ഓണ്‍ലൈന്‍ ബെറ്റിങ് സ്ഥാപനങ്ങളായ ബോഡോഗ്, പാഡിപവര്‍ എന്നിവയില്‍ വിയയ്ക്കാണ് മുന്‍തൂക്കം. 8/1 (ഒന്നുവെച്ചാല്‍ എട്ട്) സാധ്യതയാണ് വിയയ്ക്കുള്ളത്. വിയയ്ക്കുവേണ്ടി ഒരു ഡോളര്‍ കെട്ടിവെച്ചാല്‍ എട്ടുഡോളര്‍ പകരം ലഭിക്കുമെന്നര്‍ഥം.
യോഗ്യതാ റൗണ്ടില്‍ സ്‌പെയിനുവേണ്ടി വിയ നേടിയത് ഏഴുഗോളുകളാണ്. വിയയുടെ സ്‌കോറിങ് പാടവവും നിലവിലെ ഫോമും പരിഗണിച്ചാണ് പന്തയക്കമ്പോളത്തില്‍ സ്പാനിഷ് താരം മുന്നിട്ടുനില്‍ക്കുന്നത്. സ്‌പെയിനിനുവേണ്ടി 56 കളികളില്‍ 37 ഗോളുകള്‍ നേടിയിട്ടുള്ള വിയ 2008 യൂറോ കപ്പിലെ ടോപ്‌സ്‌കോററുമായിരുന്നു.
ഇക്കൊല്ലത്തെ ലോക ഫുട്‌ബോളറായ ലയണല്‍ മെസ്സിയും ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണിയും സുവര്‍ണപാദുകത്തിനായി വിയയ്ക്ക് കടുത്ത വെല്ലുവിളി നല്‍കുമെന്നാണ് വാതുവെപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. ബോഡോഗിന്റെ ബെറ്റിങ് സൂചനകളില്‍, മെസ്സിക്ക് 10/1-ഉം പാഡി പവറിന്റെ സൂചനകളില്‍ റൂണിക്ക് 12/1-ഉം സാധ്യതയാണുള്ളത്.
യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനുവേണ്ടി ഒമ്പതുഗോള്‍ നേടിയ വെയ്ന്‍ റൂണി സീസണ്‍ അവസാനമായപ്പോള്‍ പരിക്കിന്റെ പിടിയിലായതാണ് ടോപ്‌സ്‌കോറര്‍ പ്രവചനങ്ങളില്‍ താരത്തെ പിന്നോട്ടാക്കിയത്. അര്‍ജന്റീന ടൂര്‍ണമെന്റില്‍ ജേതാക്കളായാല്‍, അതിനുപിന്നില്‍ മെസ്സിയായിരിക്കുമെന്ന വിശ്വാസവും പന്തയക്കമ്പോളത്തിനുണ്ട്. സീസണില്‍, 43 ഗോളുകളാണ് മെസ്സി നേടിയത്. റൂണി പ്രീമിയര്‍ ലീഗില്‍ 26 ഗോളും.
സുവര്‍ണതാരത്തിനുള്ള പോരാട്ടത്തില്‍ മുന്നിലെത്തേണ്ടിയിരുന്ന പലരും അപ്രതീക്ഷിതമായി പുറംതള്ളപ്പെട്ടിട്ടുണ്ട്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് അതിലൊരാള്‍. പാഡിപവര്‍ സൂചനകളില്‍ ക്രിസ്റ്റ്യാനോയുടെ സാധ്യത 20/1 മാത്രമാണ്. യോഗ്യതാറൗണ്ടില്‍ ഒരു ഗോള്‍ പോലും നേടിയിട്ടില്ലെന്നതാണ് ക്രിസ്റ്റിയാനോയുടെ പേരില്‍ കാശിറക്കുന്നതില്‍ വാതുവെപ്പുകാരെ വിലക്കുന്നത്. ഫ്രാന്‍സിന്റെ തിയറി ഹെന്റി ടോപ്‌സ്‌കോററാകുമെന്ന വിശ്വാസം ഏറെപ്പേര്‍ക്കുമില്ല. 95/1 സാധ്യതമാത്രമേ ഹെന്റിക്ക് കല്പിക്കപ്പെടുന്നുള്ളൂ. സ്പാനിഷ് താരം ടോറസ് പരിക്കില്‍നിന്ന് മുക്തനാകാത്തതിനാല്‍, അദ്ദേഹത്തിലും വാതുവെപ്പുകാര്‍ക്ക് താത്പര്യമില്ല.
കാകയും കുയിലുമൊക്കെ എവിടെ പോയി
ReplyDelete