ഒരുപാട് ആകസ്മികതകളും കൗതുകങ്ങളും ബാക്കിവെച്ചാണ് ഓരോ ലോകകപ്പിനും അവസാന വിസില്‍ ഉയരുക. ഇഷ്ടടീമുകളുടെ കളിമികവിനൊപ്പം തന്നെ അത്തരം സംഭവങ്ങളും നമ്മളോര്‍ത്തുവെക്കും. ഇന്നലെ ചെയ്‌തൊരബദ്ധം നാളത്തെ ആചാരമാകുന്നതുപോെല വരും ലോകകപ്പുകളിലും ഇതൊക്കെ പരാമര്‍ശവിഷയങ്ങളാകും. നൂറുവര്‍ഷം കഴിഞ്ഞൊരു ലോകകപ്പ് നടക്കുമ്പോഴും ദക്ഷിണാഫ്രിക്കയില്‍ മുഴങ്ങിയ വുവുസെലകളെക്കുറിച്ച് ആരെങ്കിലും പറയാനുണ്ടാകുമെന്നുറപ്പ്. സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ആരവങ്ങളുയര്‍ന്നതോടെ 'നൈക്കി ശാപം' എന്ന പുതിയ പ്രതിഭാസത്തെക്കുറിച്ചാണ് ഫുട്‌ബോള്‍ ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഓേരാ മത്സരങ്ങള്‍ കഴിയുമ്പോഴൂം 'നൈക്കി ശാപ'ത്തിന്റെ പുതിയ ഉദാഹരണങ്ങള്‍ വെളിപ്പെട്ടുവരികയാണ്. അന്ധവിശ്വാസമെന്ന് വിളിച്ച് എളുപ്പത്തില്‍ തള്ളിക്കളയാെമങ്കിലൂം ആകസ്മികതകളുടെ ആവര്‍ത്തനമെന്ന കൗതുകം ഇതിലുണ്ടെന്ന് സമ്മതിക്കാതെ വയ്യ.
സ്‌പോര്‍ട്‌സ് ഉപകരണനിര്‍മാതാക്കളായ നൈക്കി 'റൈറ്റ് ദി ഫ്യൂച്ചര്‍' എന്ന പേരില്‍ നിര്‍മിച്ച പരസ്യചിത്രമാണ് വിവാദവിഷയം. മൂന്ന് മിനുട്ടും നാല് സെക്കന്‍ഡുമുള്ള പരസ്യത്തില്‍ വെയ്ന്‍ റൂണി, ഫാബിയോ കന്നവാരോ, ദിദ്രിയര്‍ ദ്രോഗ്ബ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റൊബീന്യോ എന്നിവരാണ് പ്രധാന താരങ്ങള്‍. ഓസ്‌കര്‍ അവാര്‍ഡ് നേടിയ മെക്‌സിക്കന്‍ സംവിധായകന്‍ അലെജാന്ദ്രോ ഗൊണ്‍സാലെസ് ഇനാറിറ്റുവായിരുന്നു പരസ്യം തയ്യാറാക്കിയത്.
ഈ പരസ്യത്തിലഭിനയിച്ച ഒരൊറ്റ കളിക്കാരനുപോലും ലോകകപ്പില്‍ തിളങ്ങാനായില്ല എന്നതാണ് വസ്തുത. ദയനീയ പ്രകടനം കാഴ്ചവെച്ച ഇവരൊക്കെ പുറത്തായി. ഇംഗ്ലണ്ടിനുവേണ്ടി ഒരു ഗോള്‍ പോലൂം നേടാന്‍ സാധിക്കാതെയാണ് റൂണി മടങ്ങിയത്. ഇറ്റാലിയന്‍ ഡിഫന്‍ഡറായ കന്നവാേരായ്ക്കാകട്ടെ തന്നെ മറികടന്നുപോയ ആറു ഷോട്ടുകളില്‍ അഞ്ചെണ്ണവും ഗോള്‍വര കടക്കുന്നത് നിസ്സഹായനായി േനാക്കിനില്‍ക്കേണ്ടിവന്നു. മത്സരത്തിനു മുമ്പ് തന്നെ ദിദ്രിയര്‍ ദ്രോഗ്ബയുടെ കൈയൊടിഞ്ഞു. എന്നിട്ടും കൈയില്‍ കവചമണിഞ്ഞ് കളിച്ച് ഒരു ഗോള്‍ േനടിയെങ്കിലും ഐവറികോസ്റ്റ് ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. ക്രിസ്റ്റ്യാനോയ്ക്കും നാലു മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ. പ്രീ-ക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് േതാറ്റ് ടീം പുറത്താകുകയും ചെയ്തു. ബ്രസീല്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ േഹാളണ്ടിനോട് തോറ്റതോടെ റൊബീന്യോയുടെ ലോകകപ്പ് േമാഹങ്ങളും പൊലിഞ്ഞു.
പരസ്യത്തില്‍ മുഖം കാണിച്ച ബ്രസീല്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീന്യോ, ടെന്നീസ് താരം േറാജര്‍ ഫെഡറര്‍ എന്നിവരെയും നിര്‍ഭാഗ്യം പിടികൂടി. ടീമില്‍പോലും റൊണാള്‍ഡീന്യോക്ക് ഇടം കിട്ടിയില്ല. ഫെഡറര്‍ക്കാകട്ടെ ആറുവര്‍ഷം തുടര്‍ച്ചയായി കൈവശം വെച്ചിരുന്ന വിംബിള്‍ഡന്‍ കിരീടം ഇത്തവണ നഷ്ടപ്പെടുകയും ചെയ്തു. ഇതിനെല്ലാം കാരണം പരസ്യമെന്നാണ് പലരും പറയുന്നത്. ഇതേക്കുറിച്ച് ഇന്റര്‍നെറ്റ് േഫാറങ്ങളിലും ബ്‌ളോഗുകളിലും മുറുകിയ ചര്‍ച്ചകളും നടക്കുന്നു. വിവാദങ്ങളുയര്‍ന്നതോടെ നൈക്കി പരസ്യത്തിനും കാഴ്ചക്കാര്‍ കൂടി. ഒരാഴ്ചക്കുള്ളില്‍ എഴുപത്തെട്ടുലക്ഷം പേര്‍ ടി.വി.യിലൂടെ ഈ പരസ്യം കണ്ടു. യൂട്യൂബിലൂടെ കണ്ടവരുടെ എണ്ണം രണ്ടുകോടിക്കടുത്ത് വരും. കളി മോശമായതിന് പരസ്യത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല എന്ന വസ്തുതയാണ് 'നൈക്കി ശാപത്തെ' ക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്നത്. കാമറയ്ക്കു മുന്നിലെ പന്തുകളിയല്ല മൈതാനത്ത് വേണ്ടതെന്ന് ഫുട്‌ബോള്‍ രാജാക്കന്‍മാര്‍ ഇനിയെങ്കിലും മനസിലാക്കണമെന്നതാകും ആരാധകരുടെ പ്രാര്‍ഥന.
Ranjith K R, BCG
No comments:
Post a Comment